Thursday, February 21, 2008

ചോരവീണ മണ്ണില്‍ നിന്നും...

ഷാപ്പിലെ സ്ഥിരം കുടിയന്മാരെ ഗണഗുണസഹിതം ഇവിടെ പരിചയപ്പെടുത്തുന്നു.

സഖാവ് തീപ്പൊരി കണാരന്‍ :-
ഷാപ്പിലെ ഇടത് രാഷ്ട്രീയത്തിന്റെ മൂര്‍ത്തീമത്‌ഭാവം. എല്ലാ പഞ്ചായത്ത് ഇലക്ഷനിലും മെമ്പറായി നിന്ന് സ്ഥിരമായി തോറ്റ് വരുന്നു.

കപ്യാര് വര്‍ക്കി :-
ഒരു പാവം കുഞ്ഞാട്. കര്‍ത്താവിനോടും , സഭയോടും , കള്ളിനോടും അകമഴിഞ്ഞ ഭയഭക്തിബഹുമാനസ്നേഹാദികള്‍. ലേശം വലതനാണ് കക്ഷി.

രാധാകൃഷ്ണന്‍ : -
അഭ്യസ്ഥവിദ്യനാണെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ കയറിപറ്റാത്തതിന്റെ ദണ്ണം സവര്‍ണ്ണഫാസിസ്റ്റ് ആയും, ഷാപ്പില്‍ കള്ളടിച്ചും തീര്‍ക്കുന്നു.

വെട്ടുകാരന്‍ മൂസ:-
ഷാപ്പിന് തൊട്ടടുത്ത ഇറച്ചിമാര്‍ക്കറ്റിലെ തൊഴിലാളി. ദീനിയാണെങ്കിലും കള്ള് അടി മാത്രം ഹറാം പിറപ്പല്ല എന്ന് സ്വയം വിശ്വസിക്കുന്നു.

ഷാപ്പുകാരന്‍(ലെസന്‍സി) അജ്ഞാതന്‍:-
ആത്മപ്രശംസ അത്മഹത്യാപരം ആയതുകൊണ്ട് ഒന്നും പറയുന്നില്ല. എല്ലാം വഴിയെ മനസിലാകും


(അപ്പോള്‍ ഷാപ്പിലെയ്ക്ക് സ്വാഗതം. ഇന്നത്തെ അന്തിയടി ആരംഭിക്കുന്നു)

ഒന്നരക്കുപ്പി വിഴുങ്ങിയപ്പോളേയ്ക്കും സ.കണാരന് വിപ്ലവം മൂത്തു. ഇളകുന്ന മേശയില്‍ കറിപുരണ്ട വിരലുകളാല്‍ താളമിട്ട് കണാരന്‍ ലേറ്റസ്റ്റ് ഹിറ്റ് കവിത ചൊല്ലി

“ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറ് നൂറുപൂക്കളായ്...”


മൂസ : അല്ല, കണാരാ ഇത് മ്മ്ടെ അറബിക്കഥ സിനിമേലെ അല്ലെ. നല്ല രസ്യന്‍ കവിത അല്ലെ?

രാധാകൃഷ്ണന്‍: കേള്‍ക്കാനൊക്കെ സുഖമുണ്ട് മൂസാക്ക, പക്ഷേ അതിലെ ചില വരികളൊക്കെ പരസ്പര വിരുദ്ധമാണ്. എന്നാലും മൊത്തത്തില്‍ ഒരു സുഖമുണ്ട്.

കണാരന്‍ : അല്ലേലും, നിനക്കൊന്നും അത് പിടിക്കില്ലെടാ, അത് മനസിലാക്കണേല്‍ വിപ്ലവം എന്താണെന്ന് അറിയണം, പാര്‍ട്ടിയെന്താണെന്നറിയണം.

അജ്ഞാതന്‍ : ആ തൊടങ്ങ്യാ അങ്കം. സംഗതി ഒക്കെ ശരിയാണ് ഈ ഷാപ്പില് രാഷ്‌ട്രീയം പറച്ചില് നിരോധിച്ചിട്ട, പക്ഷേ ആവേശം മൂത്ത് ഗ്ലാസും കുപ്പിയും പൊട്ടിച്ചാല്‍ എന്റെ കൊണം മാറും പറഞ്ഞേക്കാം.

രാധാകൃഷ്ണന്‍: യേയ്, അങ്ങനൊന്നും ഉണ്ടാകില്ല അജ്ഞാതേട്ടാ. ഈ ജാതി ആള്‍ക്കാരൊക്കെ കൊരക്കത്തേയുള്ളൂ, കടിക്കില്ല.

കണാരന്‍: നീ പോടാ. അതിന്റെയൊക്കെ അര്‍ത്ഥം മനസിലാക്കാനും മാത്രം നീ വളര്‍ന്നിട്ടില്ല കെട്ടോടാ, ആകുമ്പം കണാരേട്ടന്‍ നിന്നെ അറിയിക്കാം.

രാധാകൃഷ്ണന്‍: താന്‍ എന്താണീ പറയുന്നത്. ചോരവീണ മണ്ണിലെ കഥകളൊക്കെ എനിക്കും അത്യാവശ്യം അറിയാം.

കണാരന്‍: എഡെയ്, ഇവിടെ ഇന്ത്യേല് പതിനാലാം വയസില് പെണ്‍കുട്ട്യോള്‍ക്ക് തീണ്ടാരിയാകുമ്പോള് വീഴണ നാലും മൂന്നേഴുതുള്ളി ചോരയല്ലേ നീയൊക്കെ കണ്ടിട്ടുള്ളൂ എന്നാല്‍ ചോരകൊണ്ട് പുഴകളൊഴുക്കിയ രാജ്യങ്ങളും ഉണ്ടെടാ പോങ്ങാ.

കപ്യാര്: ഇപ്പ കണാരന്‍ റഷ്യേന്റേം , ചൈനേടെം, കമ്പോഡിയായുടേയും, ക്യൂബേടെം കഥകള് കെട്ടഴിക്കും

മൂസ: അഴിക്കട്ടെന്റെ കപ്യാരേ, നമ്മക്കും കേള്‍ക്കാലോ അതൊക്കെ. അതൊക്കെ പോട്ടെ ന്റെ രാധാകൃഷ്നാ അനക്കെന്താണ് ഈ വിപ്ലവം കമ്മൂണിസം എന്നൊക്കെ കേള്‍ക്കുമ്പ തന്നെ ഇബലീസ് കേറിയ പോലെ ഒരു ഹാലിളക്കം. ഒന്ന് അടങ്ങ് പഹയാ.

രാധാകൃഷ്ണന്‍: അല്ല ന്റെ മൂസാക്കാ എനിക്കൊരു ഹാലിളക്കോം ഇല്ല. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഏറ്റവും വല്യ ദോഷം എന്താച്ചാല് അതിന്റെ കൂടപ്പെറപ്പായ എക്സ്ക്ലൂസിവ്നെസ് ആണ്

മൂസ: നീയ് മനുഷ്യര്‍ക്ക് മനസിലാകണ ഭാഷേല് പറയെന്റെ കുട്ട്യേ. അല്ലാണ്ട് മ്മ്ടെ തീപ്പൊരീന്റെ പോലത്തെ ഒരു കുപ്പി കുടിച്ചാലും തൊണ്ടേന്ന് ഇടങ്ങാത്ത കഠിച്ചാല് പൊട്ടാത്ത വാക്കോള് പ്രയോഗിക്കല്ലെ ന്റെ കുട്ട്യേ.

കണാരന്‍ : ങ്ങ്‌ള് ആളെ ആക്കരുത് മൂസാക്ക.

കപ്യാര്: നീയൊന്ന് മിണ്ടാണ്ടിരി കണാരാ, ആ ചെക്കന്‍ പറയട്ടെ.

രാധാകൃഷ്ണന്‍: അതായത് മൂസാക്കാ പുറംതള്ളല്‍ എന്ന സംഗതി കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണ്. അതൊഴിച്ചുള്ള എല്ലാത്തിനേയും അത് തെറ്റാണെന്ന് കരുതുകയും തന്റെ തന്നെ ശത്രു ആയി കണക്കാക്കുകയും ചെയ്യുന്നു. അതായത് ഈ ഷാപ്പിലെ ഇപ്പുറത്തിരുന്ന് കുടിക്കുന്നവരും അപ്പുറത്തിരുന്ന് കുടിക്കുന്നവരും എന്ന പോലെ, തങ്ങളും തങ്ങളല്ലാത്തവരും എന്ന് രണ്ടായി അത് എല്ലാത്തിനേയും വിഭജിക്കുന്നു.

കണാരന്‍: ഡെയ്, ചുമ്മാ ഒരു തെളിവും ഇല്ലാതെ അതും ഇതും വിളിച്ച് പറയരുത്. എല്ലാ കാര്യങ്ങളിലും ഞങ്ങക്ക് വ്യക്തമായ തത്വസംഹിതള് ഉണ്ട്.

രാധാകൃഷ്ണന്‍: എന്തോന്ന് സംഹിതകള്? തന്റെ തത്വസംഹിതകളെ പറ്റി ആവര്‍ത്തിച്ച് സംസാരിച്ചിട്ടുള്ള നിങ്ങടെ സാക്ഷാല്‍ കാള്‍മാര്‍ക്സ് തന്നെ തന്റെ ഈ വിഭജനത്തെ കുറിച്ച് പറയുന്നുണ്ടല്ലോ? ആയതിന്റെ ഒക്കെ പരിണിത ഫലം അല്ലെ ഏച്ച് കൂട്ടിയിട്ട് മുഴച്ച് നിന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ച.

കപ്യാര്: റഷ്യേനേം, സോവിയറ്റിനേം പറ്റി നീ എന്ത് വേണേലും പറഞ്ഞോ രാധാകൃഷ്ണാ പക്ഷേ പോളണ്ടിനെ കുറിച്ച് പറഞ്ഞാല്‍ തീപ്പൊരീടെ സ്വഭാവം മാറും. കേട്ടിട്ടില്ലെ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന്? ഹഹഹ്

മൂസ: തമാശകള് കപ്യാരേ. സംഗതി ഒന്ന് മൂച്ചായി വരുമ്പോളാണ് ഇയാളുടെ വക ഒരുമാതിരി

കണാരന്‍: ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളുടെ അതിഗൂഢമായ ഇടപെടലുകള്‍ മൂലമാണ് സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ ആശയം തകര്‍ന്നത്. പിന്നെ സ്വേഛാധിപത്യപരമായ ചില നടപടികളൊക്കെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടായി എന്നതും ഒരു പരിധിവരെ സത്യമാണ്.

രാധാകൃഷ്ണന്‍: എന്ന് തീര്‍ത്തും പറയാന്‍ വരട്ടെ കണാരേട്ടാ. കൂട്ടിക്കെട്ടിവെച്ച സ്റ്റേറ്റുകളുടെ പൊട്ടിത്തെറികളുടെയും അപചയത്തിന്റേയും മുഴുവന്‍ ഉത്തരവാധിത്വം ഒന്നുകില്‍ അമേരിക്കേടേ തലയിലോ അല്ലെങ്കില്‍ ലെനിനിലും , സ്റ്റാലിനിലും ചാര്‍ത്താന്‍ വരട്ടെ. ഒന്ന് ചിന്തിച്ചാല്‍ മാര്‍ക്സ് തന്നെയാണ് ഇതിന്റെ പുറകിലെന്ന് കാണാം.

കണാരന്‍ : ഹേയ്, അതെങ്ങനെ?

രാധാകൃഷ്ണന്‍: റെവല്യൂഷനു പകരം റൊമാന്റിസം പങ്ക് വെയ്ക്കുന്നതില് മാര്‍ക്സിന് ഒരു പങ്കും ഉണ്ടായിരുന്നില്ല എന്ന് നെഞ്ചില്‍ കൈ വെച്ച് നിങ്ങള്‍ക്ക് പറയാനാകുമോ? 1950കളില് തന്നെ വിഭജനപ്രവണത് റഷ്യയില് പല പാര്‍ട്ടികോണ്‍ഗ്രസിലും ചര്‍ച്ചാവിഷയം ആയിരുന്നില്ലെ? 80കള് ആയപ്പോഴേക്കും പതിയേ എല്ലാം വീണ് നിലം പൊത്താന്‍ തുടങ്ങി. ഇതിന്റെ ഒക്കെ മൂലകാരണം എന്താ?

അജ്ഞാതന്‍: എന്താ?

രാധാകൃഷ്ണന്‍: താത്ത്വികമായ അടിസ്ഥാനത്തില്‍ നിന്നുള്ള നിര്‍മ്മാര്‍ജ്ജനം. തങ്ങളുടെ കൂടെയല്ലാത്തവരൊക്കെ തങ്ങള്‍ക്ക് എതിര് എന്ന മനോഭാവം.

കപ്യാര്: ഇതന്നെ അല്ലേ ഈയിടെ മ്മ്ടെ ബുഷമ്മാവനും പറഞ്ഞത്. ഒന്നുല്ലേല് അമേരിക്കേന്റെ കൂടെ അല്ലെങ്കില്‍ മറ്റോര്‍ടെ ഒപ്പം ന്ന്

രാധാകൃഷ്ണന്‍: അതന്നെ വര്‍ക്കിച്ചായാ. തങ്ങടെ കൂട്ടത്തില് പെടാത്തവരൊക്കെ വര്‍ഗ ശത്രുക്കള് എന്നതായിരുന്നു നയം, വര്‍ഗശത്രു എന്ന് വെച്ചാല്‍ ആരാ?

കപ്യാര്: ആരാ?

രാധാകൃഷ്ണന്‍: വധിക്കപ്പെടേണ്ടവന്‍.

കപ്യാര്: ഈശോയേ!

കണാരന്‍: ഇതൊക്കെ ഈ ചെക്കന്‍ ചുമ്മാ പറയണതാണ് കപ്യാരെ.

രാധാകൃഷ്ണന്‍: അല്ല കണാരേട്ടാ, ചരിത്രം നിങ്ങക്കും അറിയണതല്ലെ? 1920കളില് നിയമ കമ്മീഷനില് ഉണ്ടായിരുന്ന നിങ്ങടെ തന്നെ സഖാവ് കുര്‍ക്കീസിന് നിങ്ങടെ വല്യ വ്ലാഡിമിര്‍ ഏമാന്‍ ലെനിന്‍ തന്നെ കത്തെഴുതീണ്ടാര്‍ന്നല്ലോ. അന്ന് കാലത്ത് ഫയറിംഗ് സ്ക്വാഡ് എന്ന ഗവണ്മെന്റിന്റെ കൊലയാളി സംഘത്തില് വധിക്കപ്പെട്ടിരുന്നത് വര്‍ഗ ശത്രുക്കളായിരുന്നു. എന്നാല്‍ മെന്‍ഷെവിക്കുകളേയും, സോഷ്യലിസ്റ്റ് റെവലൂഷനറികളെയും കൂടെ സ്ക്വാഡ് വഴിയുള്ള വധശിക്ഷയ്ക്ക് വിധേയരാക്കാണം എന്ന് മൂപ്പിലാന്‍ തന്നെ എഴുതീരുന്നൂ. അവരെ ഇന്റര്‍ നാഷണല്‍ ബൂര്‍ഷ്വാസികളായി ചിത്രീകരിക്കണ ഒരു വഴി കണ്ടു പിടിക്കണം എന്നും തങ്ങളുടെ കൂടെ ഉള്ള ഈ വര്‍ഗങ്ങള്‍ ഒക്കെ പലനിലപാടുകളിലും ഭിന്നാഭിപ്രായം കാണിക്കുന്നതിനാല് അവന്മാരെ ഒക്കെ വര്‍ഗശത്രുക്കളായി കാണിച്ച് കൊന്നൊടുക്കാനുള്ള സാധ്യതകള് ആരായുന്ന ഒരു കത്തായിരുന്നു അത്.

മൂസ: ബദരീങ്ങളെ അങ്ങനൊക്കെ ഉണ്ടായോ? അജ്ഞാതോ നീയൊരു കുപ്പിയും ഒരു പ്ലേറ്റ് കടലേം എട്ത്തേ. ഇന്ന് ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാക്കാതെ ഇവടന്ന് പോണ പ്രശ്നം ഇല്ല.

രാധാകൃഷ്ണന്‍: അങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടവരുടെ കൂട്ടത്തില് ട്രൊഡ്‌സ്കിയും , സീനോവീസും ഒക്കെ വരും.

കണാരന്‍: പക്ഷെ രാധാകൃഷ്ണാ, ഈ ട്രോഡ്‌സ്കി ഒക്കെ അവരുടെ നല്ലകാലത്ത് സഖാവ് ലെനിന്റെ കൂടെ തന്നെ അല്ലായിരുന്നോ? എന്നാല്‍ പിന്നീട് ജനാധിപത്യ കേന്ദ്രീകരണ വാദികളുള്‍പ്പെട്ട കൂട്ടത്തെ ട്രൊഡ്സ്കിയിസ്റ്റുകളുടെ കൂടെ കൂട്ടി തള്ളിപ്പറഞ്ഞു എന്നതു നേര്, നിഷേധിക്കുന്നില്ല.

രാധാകൃഷ്ണന്‍: തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല കണാരേട്ടാ അവരെ ഒക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായുള്ള ശ്രമങ്ങളും നടന്നു. അക്കൂട്ടത്തില് രാഷ്ട്രീയക്കാരോടൊപ്പം ബുദ്ധി ജീവികളെയും ലെനില്‍ ഉള്‍പ്പെടുത്തിയിരുന്നല്ലോ? റഷ്യന്‍ മണ്ണില്‍ നിന്ന് ഉപദ്രവകാരികളായ എല്ലാ കൃമികീടങ്ങളെയും തുടച്ച് മാറ്റണമെന്ന് വല്യ സഖാവ് പറഞ്ഞത് നേരത്തേ പറഞ്ഞ ആ റൊമാന്റിസത്തിന്റെ അതിപ്രസരം കൊണ്ടല്ലേ കണാരേട്ടാ. ഒരു സമൂഹം ആകുമ്പോള് എല്ലാതരം ആളുകളും ഉണ്ടാകുമെന്നും , ഉണ്ടാകണമെന്നും ചിന്തിക്കാന് എന്തേ കഴിഞ്ഞില്ല. വല്യ സഖാവിന്റെ നയങ്ങള്‍ക്ക് എന്നും എറാന്‍‌മൂളിയായിരുന്ന മാക്‍സിം ഗോര്‍ക്കിക്ക് അയച്ച കത്തിലും ഇത് പറഞ്ഞിരുന്നു

മൂസ: യേത് ഗോര്‍ക്കി, മ്മ്ടെ അമ്മ എന്ന നോവലൊക്കെ എഴുതിയ ആളല്ലെ?

രാധാകൃഷ്ണന്‍: അതന്നെ മൂസാക്ക. ബുദ്ധിജീവികള് രാഷ്‌ട്രത്തിന്റെ തലച്ചോറല്ല മറിച്ച് മലം ആണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. എല്ലാവരോടും അതായിരുന്നു അന്നത്തെ നയം തങ്ങളെ എതിര്‍ക്കുന്നവന്‍ പ്രതിപക്ഷം എന്ന വര്‍ഗശത്രു അവര്‍ വധിക്കപ്പേടേണ്ടവരാണ്. പള്ളികളോടും പട്ടക്കാരോടും, രാഷ്ട്രീയത്തിലെ തങ്ങളുടെ അഭിപ്രായത്തിന് എതിരേ നില്‍ക്കുന്നവരോടും ഒരേ നിലപാട്.

കപ്യാര്: കര്‍ത്താവേ, അപ്പ ഞങ്ങടെ പള്ളിക്കാരെയും അവന്മാര് വെറുതേ വിട്ടില്ലേ?

രാധാകൃഷ്ണന്‍: വെറുതേ വിട്ടില്ല എന്ന് മാത്രം അല്ല അസ്സല് പണി കൊടുക്കുകയും ചെയ്തു വര്‍ക്കിച്ചാ. 1920ല് വല്യസഖാവിന്റെ കാലത്ത് ആഭ്യന്തരയുദ്ധം കഴിഞ്ഞപ്പോള് ആകെ ക്ഷാമം ആയി. കൃഷി ഇല്ലാതായതാണ് കാരണം. കൃഷിക്കാരൊക്കെ യുദ്ധത്തിലായിരുന്നൂത്രേ. അപ്പോള് സ്വാഭാവികം ആയും രാജ്യം ക്ഷാമത്തിലാകുമല്ലൊ? എന്നാല് അതിന് പരിഹാരം കാണുന്നതിന് പകരം വല്യ സഖാവ് എടുത്ത നടപടി എന്താണെന്നറിയുമോ?

കണാരന്‍: അനധികൃത സ്വത്ത് കണ്ടു കെട്ടല്‍ അല്ലെ?

രാധാകൃഷ്ണന്‍: എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സംഭവം. ക്ഷാമനിവാരണത്തിനായി പള്ളികളുറ്റെ സമ്പത്ത് കണ്ട് കെട്ടുകയായിരുന്നു ആ നടപടി. എന്നാല്‍ ക്ഷാമനിവാരണത്തിനായി ധനം നല്‍കാന് സഭ തയ്യാറായിരുന്നു എന്നതാണ് അതിന്റെ മറുവശം. പക്ഷേ ദാനം സ്വീകരിക്കാന്‍ വല്യസഖാവിനും കൂട്ടര്‍ക്കും ഇഷ്‌ടം ഉണ്ടായിരുന്നില്ല. മോസ്ക്കോയിലെ പേട്രിയാര്‍ക്ക് ധനസമാഹരണത്തിനായി പോപ്പിനും, ആര്‍ച്ച് ബിഷപ്പിനും സഹായാഭ്യര്‍ത്ഥന നടത്തിയതിനെ ഗവണ്മെന്റ് വിമര്‍ശിച്ചു. പള്ളിയുടെ സമ്പത്തെല്ലാം ഗവെണ്മെന്റിന്റേതാകയാല്‍ അതൊക്കെ കണ്ട്കെട്ടും എന്നതായിരുന്നു നയം. എന്നാല്‍ ഒരു സമവായത്തിലൂടെ ധനം നല്‍കാന്‍ സഭ തയ്യാറായിര്‍ന്നു താനും. പക്ഷെ വര്‍ഗ ശത്രൂന്റെ മുന്നില് തലവണങ്ങരുതല്ലോ ആയതിനാല് പിടിച്ച് പറി തന്നെ വേണംന്നായി. അതിനായി കണ്ടെത്തിയ മാര്‍ഗം ആണ് വിചിത്രം. വല്യ സഖാവും കൂട്ടരും നടത്തണത് ധര്‍മ്മലംഘനം ആണെന്നും, സ്വത്ത് വഹകള്‍ നയപരമായ ചര്‍ച്ചയിലൂടെ വിട്ട് നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും റഷ്യന്‍ സഭ അറിയിക്കുകയുണ്ടായി. അതില്‍ പിടിച്ചായി പിന്നെ കളി. ധര്‍മ്മലംഘനം എന്ന റഷ്യന്‍ വാക്കിന്റെ ഭാഷാശാസ്ത്രപരമായ ചര്‍ച്ചയ്ക്കൊടുവില് അതിന് കളവ് എന്നും അര്‍ത്ഥം വരുന്നുണ്ടെന്ന് വ്യാഖ്യാനിച്ചു. ഗവണ്മെന്റിന്റെ കള്ളന്മാരെന്ന് വിളിച്ച പേട്രിയാര്‍ക്കിനും കൂട്ടര്‍ക്കും ബ്ലാസ്‌ഫെമി പ്രകാരം കുറ്റം ചാര്‍ത്തി. പലരേയും വധിച്ചു, ബാക്കിയുള്ളവരെ തടവിലാക്കി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മെട്രൊപ്പോളിറ്റനെ കണ്ട റെഡ് ആര്‍മിക്കാര് പോലും എഴുന്നേറ്റ് നില്ലുകയും , ജനങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലേ കണാരേട്ടാ?

കപ്യാര്: ഈശോയെ, അപ്പോളവിടെ കൂട്ടക്കുരുതി നടന്നിരുന്നോ?

രാധാകൃഷ്ണന്‍: നടന്നിരുന്നോ എന്നോ? ക്രൂരനായ ഹിറ്റ്ലറ് 60ലക്ഷം പേരെ കൊന്നൊടുക്കിയപ്പോള് ലെനിനും സ്റ്റാലിനും കൂടെ കൊന്നൊടുക്കിയതിന്റെ കണക്ക് എത്രാണെന്ന് അറിയാമോ വര്‍ക്കിച്ചായന്?

കപ്യാര്: എത്രയാ?

രാധാകൃഷ്ണന്‍: നാനൂറ് ലക്ഷത്തോളം വരുമത്രേ അത്.

മൂസ: പടച്ചവനേ, ഇതൊക്കെ കേട്ടിട്ട് കുടിച്ച കള്ളൊക്കെ ഇറങ്ങിയല്ലോ. ഇനി ഒറങ്ങാന്‍ കള്ള് വേറേ കുടിക്കണം എന്ന തരായീപ്പോ. എന്തായാലും കണാരാ നിന്റെ ചോരവീണമണ്ണിലെ പാട്ട് കേട്ടപ്പം ഇത്രേം ചോര ആ മണ്ണില് വീണിരുന്നൂന്ന് റബ്ബിലാലമീനായ തമ്പുരാ‍നാണെ ഞാന്‍ വിചാരിച്ചിരുന്നില്ല.

അജ്ഞാതന്‍: അതേയ്... സമയം ഒരുപാടായി. ഈ ഷാപ്പടച്ചിട്ട് വേണം എനിക്ക് വീട്ടില് പോകാന്‍. ഇനി എല്ലാരും പറ്റുബുക്കില് കണക്ക് കുറിച്ച് വേഗം സ്ഥലം വിടാന്‍ നൊക്ക്.

മൂസ: എന്നാല് ശരി ഞങ്ങളെറങ്ങണൂ അജ്ഞാതാ...

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറ് നൂറുപൂക്കളായ്...

(ഇന്ന് ഷാപ്പടച്ചു)
[ഷാപ്പിലെ സ്ഥിരം കുടിയന്മാര്‍ അവരുടെ ജീവിതത്തില്‍ കാണുന്നതും, വായിക്കുന്നതും ആയകാര്യങ്ങളാണ് ഇവിടെ കള്ളടിച്ച് സംസാരിക്കുന്നത്. അതിനാല്‍ ഭഗവത്ഗീതയില് പറഞ്ഞ ഡിസ്ക്ലൈമറ് ഇവിടെയും “ഇതിലുള്ളത് മറ്റുപലയിടത്തുംകണ്ടേക്കാം”]
-- ലെസന്‍സി അജ്ഞാതന്‍

Wednesday, October 10, 2007

നാടോടികള്‍...നടുവേ ഓടാത്തവരോ?

(ഇന്നത്തെ അന്തിയടി ആരംഭിക്കുന്നു)


മൂസ: ന്നാലും നെറവയറായ ആ, പെണ്ണിനെ ഓള് ഇനി തമിഴത്ത്യാ തെലുങ്കത്ത്യാ ആരായാലും ഈ നെലയ്ക്ക് തച്ച ആള്‍ക്കാരെ പിടിച്ച് പൂശേണ്ടതാണ് അല്ലേ കപ്യാരേ?

കപ്യാര് : എടപ്പാള് സംഭവം അല്ലെ? അതെ വല്ലാതെ കടുത്ത് പോയീ.

കണാരന്‍: അല്ല, മൂസാക്കയും നിയമം കയ്യിലെടുക്കാന്‍ ആണൊ നിങ്ങളും ഈ പറയണേ?

മൂസ: അതല്ല കണാരാ, ഇന്നാലും ഇമ്മാരി ചെയ്ത്ത് ചെയ്യാന്‍ പാങ്ങുണ്ടോ ഇബലീസുങ്ങള്?

കണാരന്‍: ശരിയാണ് മൂസാക്ക. അവിടെ അവരെ തല്ലിയ ആള്‍ക്കാരെയും, അനാസ്ഥ കാണിച്ച പോലീസുകാരെയും ഒക്കെ ശിക്ഷിക്കേണ്ടതാണ് എന്നാല്‍ അതും നിയമത്തിന്റെ വഴിയേ വേണം. അല്ലാതെ അവര് ചെയ്തതന്നെ നമ്മളും തുടങ്ങാച്ചാല് രാജ്യം മൊത്തം അരാജകത്വത്തിലേയ്ക്ക് പോവ്വേ ഉള്ളൂ

കപ്യാര്: പക്ഷേ ഈ കള്ളക്കൂട്ടങ്ങള് ആള്‍ക്കാര്‍ക്ക് ശല്യം ഉണ്ടാക്കുന്നുണ്ട് എന്നതും നേരല്ലേ?

കണാരന്‍: നാടോടികളെ കുറിച്ച് അങ്ങനെ നമുക്ക് കുറെ മുന്‍‌ധാരണകള്‍ ഒക്കെ ഉണ്ട് വര്‍ക്കിച്ചാ. കുറച്ചു പേര് ഇതൊക്കെ ചെയ്യുന്നുണ്ടാകാം. ഭിക്ഷാമാഫിയയും, പിടിച്ച്പറി സംഘങ്ങളും ഒക്കെ ഉണ്ട്. എന്നാല്‍ എല്ലാ നാടോടിക്കൂട്ടങ്ങളും അങ്ങനെ ആകണം എന്നും ഇല്ല. ഞാന്‍ പറഞ്ഞ് വരുന്നത് തമിഴ് ഭിക്ഷക്കാരെ പറ്റി അല്ല കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ തന്നെ മൊത്തം നാടോടികളെയും കുറിച്ചാണ് കേട്ടോ.

മൂസ: ഇബറ്റങ്ങളെന്തിനാണ് ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണതാവോ?

കണാരന്‍: അതാണവരുടെ നിയോഗം എന്നാണ് അവരുടെ വിശ്വാസം. സൌത്തിന്ത്യേല് കുറവാണെങ്കിലും നോര്‍ത്തില് ഇവരും, ഇവരുടെ പലായനവും ഒക്കെ ഇപ്പോളും സജീവാണെന്ന് കേള്‍ക്കുന്നു. ബെഞ്ചാരകളും, സാന്‍സികളും അങ്ങനെയങ്ങനെ ഒരുപാട് ഗോത്രങ്ങള്‍, വിഭാഗങ്ങള്‍. ഇവിടെ മാത്രം അല്ല ലോകത്തെല്ലായിടത്തും ഈ നാടോടി കൂട്ടങ്ങള്‍ ഉണ്ട്. അലഞ്ഞോണ്ടേ ഇരിക്കും

കപ്യാര്: അതെന്തിനാണ്? ഇവര്‍ക്ക് വീടുംകുടീം വെച്ച് ഒരുത്തില് ഒതുങ്ങി ജീവിച്ചൂടെ?

കണാരന്‍: അതിന് ഉത്തരം പറയേണ്ടത് നിങ്ങളന്നെയാണ് വര്‍ക്കിച്ചാ?

കപ്യാര്: ഞാനോ?

കണാരന്‍: പേടിക്കണ്ട കപ്യാരേ. നിങ്ങടെ ബൈബിളില് ആദാമിന്റെ മക്കളായ കായേനിന്റെയും ഹാബേലിന്റെയും കഥ പറയുന്നില്ലേ?

കപ്യാര്: ഉവ്വ് പഴേ നിയമത്തില്. അതും ഇവറ്റകളും ആയി എന്ത് ബന്ധാണ് ഉള്ളത് ?

മൂസ: ഈയ് കൊഴപ്പിക്കാണ്ട് കാര്യം പറ കണാരാ.

കണാരന്‍: വര്‍ക്കിച്ചാ, പഴേ നിയമ പ്രകാരം ഹാബേല് അല്ലെങ്കില്‍ ആബേല്‍ എന്ന് പേരുള്ളവന്‍ ഇടയനും , കായേന്‍ അല്ലെങ്കില്‍ കെയിന്‍ എന്ന് പേരുള്ളവന്‍ കൃഷിക്കരനും ആണല്ലോ?

കപ്യാര്: അതേ

കണാരന്‍: കെയ്ന്‍ കൃഷിക്കാരന്‍ ആയിരുന്നേലും ഹീബ്രു ഭാഷയില് ആ പേരിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമോ?

മൂസ: എന്താ?

കണാരന്‍: കരുവാന്‍ അല്ലെങ്കില്‍ കൊല്ലന്‍ എന്നാണ് അര്‍ത്ഥം. കരുവാന്മാരെന്ന പേരിലാണ് ജിപ്സികള്‍ അല്ലെങ്കില്‍ നാടോടികള്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്ന ഒരു അശാന്തി ഇവരെ അലട്ടുമത്രേ. അതോണ്ട് ഇങ്ങനെ അലഞ്ഞ് നടക്കുമെന്ന്.

മൂസ: ഇതൊക്കെ നേരാണോ?

കണാരന്‍: നേരായാലും അല്ലെങ്കിലും ലോകത്തിലിന്നും ഒരുവിഭാഗം ഇങ്ങനെ അലഞ്ഞ് നടക്കുന്നുണ്ട് മൂസാക്കാ. പിടിച്ചു പറിച്ച്, ഞാണിന്മേല്‍കളിയും ജാലവിദ്യയും കാണിച്ച്,മദ്യവും ലഹരിയും ഉണ്ടാക്കി, കൈനോട്ടവും മാന്ത്രികവും ഉപജീവനമാക്കി അവരങ്ങനെ അലയുന്നു.

മൂസ: ഇങ്ങനെ പലേടത്തായി കെടക്കണ ഇവറ്റകളെ ഒരുമിപ്പിക്കാന്‍ വല്ല നടപടീം ണ്ടാ?

കണാരന്‍: നേരിട്ടല്ലെങ്കിലും ചില നടപടികളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഒന്നും വിജയം ആയില്ല. യൂറോപ്പിലെ ജിപ്സികളെ യോജിപ്പിക്കാന്‍ എസബെല്‍ ഫോന്‍സീക്ക , മാനുഷ് റൊമനോവ് ഒക്കെ ശ്രമിച്കു എങ്കിലും വിജയം ആയില്ല. ഇതിന് രണ്ട് വശങ്ങളുണ്ട്. ഒരു നിര്‍ബ്ബന്ധിത മിശ്രനാടോടി സമൂഹത്തെ ഉണ്ടാക്കുന്നതിലെ അപകടം, അതില്ലെങ്കില്‍ ലോകത്തുനിന്ന് പതിയേ ഇല്ലാതായി പോകുന്ന നാടോടിക്കൂട്ടം.

കപ്യാര്: ശരിയാണ്

കണാരന്‍: വര്‍ക്കിച്ചാ, പരിഷ്‌ക്കൃത സമൂഹം എന്ന് വിളിക്കുന്ന നമുക്കൊക്കെ സംസ്ക്കാരം എന്ന ആശയം ഉണ്ടായത് നാമൊക്കെ നാടോടിത്തം ഉപേക്ഷിച്ച കാലം മുതലാണ്. അത് വരേ ലോകത്തിലെ എല്ലാ ജനങ്ങളും ഇതേ കണക്ക് നാടോടികള് തന്നെ ആയിരുന്നു. ഇവിടെ ഇന്ത്യയില് തന്നെ ഇവരെ കുറിച്ചൊക്കെ പുരാണങ്ങള് മുതലേ പരാമര്‍ശം ഉണ്ട്. കിരാതര്, ശബരര്, ബബരര്, ആന്ധ്രകര്, പൌണ്ട്രകര് അങ്ങനെ പല നാടോടിക്കൂട്ടത്തേയും മഹാഭാരതം പോലെ ഉള്ള ഇതിഹാസത്തിലൊക്കെ വിവരിച്ചിട്ടൊണ്ട്.

കപ്യാര്: ഉവ്വോ?

കണാരന്‍: അതേ. പക്ഷേ നാടോടികള് പൊതുവേ കള്ളന്മാരാണെന്ന് ഒരു വിശ്വാസം നമുക്കിടയില് എപ്പോളും ഉണ്ട്, ഇല്ലേ?

മൂസ: അതേ, അതൊണ്ടല്ലെ ആ കടയില് വെച്ച് ഒരു കുട്ടീന്റെ പാദസരം കാണാഞ്ഞപ്പോ ആ പെണ്ണുങ്ങളെ തല്ലി തമ്പോറം ആക്കീത്.

കണാരന്‍: പക്ഷേ മൂസാക്ക, ആ വിശ്വാസം പൂര്‍‌ണ്ണമായും ശരിയാണോ? ഇവിടെ കളവ്, പിടിച്ച് പറി, ലഹരി ഉല്‍പ്പാദനം, വ്യഭിചാരം എന്നിവ നടത്തുന്നതില് നമ്മളാണോ അതോ നാടോടികളാണോ മുന്നില്?

മൂസ: അത് പിന്നെ... അത് മ്മ്‌ളന്നെ ആയിര്‍ക്കും, ല്ലേ?

കണാരന്‍: അതേ, പക്ഷേ ഇവരാണെന്ന് നമ്മള്‍ ഒരു വിശ്വാസം കൊണ്ട് നടക്കുകയും ചെയ്യുന്നു അല്ലെ? ഒരു ക്രിമിനല്‍ മുഖഛായ ഇവരില്‍ പകര്‍ത്താനായി നാം ആവേശം കാണിക്കുന്നു. മൊത്തം നാടോടികളും പുണ്യാളരെന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ ഇവരുടെ വിശ്വാസങ്ങള് വിചിത്രങ്ങളാണ്

മൂസ: അതെങ്ങനെ?

കണാരന്‍: അതുപിന്നെ മൂസാക്കാ, നിങ്ങള് ആടിനേയും മാടിനെയും ഒക്കെ അറക്കുന്നില്ലേ? അത് തെറ്റ് അല്ലെങ്കില് പാപം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

മൂസ: ഇല്ലാ, വെര്‍തേ അല്ലാല്ലോ ബിസ്മി ചൊല്ലീട്ടല്ലെ അറുക്കണേ? പാപം ണ്ടാവില്ല

കണാരന്‍: മൂസാക്കയുടെ ഉപ്പയും ഇറച്ചിക്കച്ചവടം ആയിരുന്നല്ലോ, അങ്ങേര്‍ക്ക് ശേഷം മൂസാക്ക ആയി. കിത്താബില് ബിസ്മീടെ കാര്യം പറഞ്ഞതോണ്ട് നിങ്ങള്‍ക്കത് തെറ്റ് അല്ലെങ്കില് പാപം ആയി തോന്നണില്ല. എന്നാല്‍ ശുദ്ധ വെജിറ്റേറിയന്‍ ആയ ഒരുവന്, അല്ലെങ്കില് ഒരു ജൈനമത വിശ്വാസിക്ക് നിങ്ങള് ചെയ്യുന്നത് പാപം അല്ലെങ്കില്‍ തെറ്റ് ആയിട്ട് തോന്നും. പണ്ട് ചേകോന്മാര് പാരമ്പര്യം ആയിട്ട് മറ്റുള്ളവര്‍ക്ക് വേണ്ടി കൊല്ലുകയും ചാവുകയും ചെയ്തിരുന്നില്ലെ? അത് തെറ്റാണെന്നൊന്നും അവര്‍ക്ക് തോന്നിയില്ല, തലമുറകളായി തുടരുകയും ചെയ്തു. കാലാകാലാങ്ങളില്‍ വന്ന സമൂഹ വ്യവസ്ഥിതികള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് നാമൊക്കെ മാറി എന്നാല്‍ അതിനെതിരെ മുഖം തിരിച്ച് റെബലുകളായി ചില കൂട്ടര് മാത്രം അവരുടെ യാത്ര തുടരുന്നു.

കപ്യാര്: അതും ശരിയാണ്.

കരുണന്‍: എന്നാല്‍ ഇതില്‍ നിന്നും മുതലെടുപ്പും ഉണ്ട്. എന്ത് അനിഷ്ട സംഭവം ഉണ്ടായാലും ആദ്യ പഴി ഇവരില്‍ ചാരി ഒഴിയാനുള്ള ഒരു ശ്രമം ആണത്. പണ്ട് ആഫ്രിക്കന്‍ നീഗ്രോകളേക്കാളും മുന്നേ അടിമക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത് നാടോടികളെ ആയിരുന്നു. ഇന്നും അതിന്റെ ഒരു വകഭേതംമായി ഈ കുറ്റം ചാര്‍ത്തലിനെ കാ‍ണാം.

കപ്യാര്: എന്നാ പിന്നെ ഇവറ്റോള്‍ക്ക് അങ്ങട് നന്നായിക്കൂടെ, നല്ലോണം പൊലെ നമ്മളെ പോലെ ഒക്കെ പണിയെടുത്ത് അങ്ങട് കഴിഞ്ഞൂടെ?

കണാരന്‍: വര്‍ക്കിച്ചാ, നാടോടികളായിരുന്ന നാം ഏവരും അതൊക്കെ വിട്ട് ഇപ്പോള്‍ നമ്മള് പറയുന്ന ഈ സമൂഹം ആയി ജീവിതം തുടങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായ പലതും ഉണ്ട്. എന്നാല്‍ അത് നഷ്ടമാകാന്‍ ഇവര്‍ക്ക് ഇഷ്ടമല്ല താനും. ഇവരുടെ നിലവിലെ ജീവിതരീതി മാറുന്നതിനോട് അവര്‍ക്ക് വല്യ യോജിപ്പില്ല. ഇവരുടേതായ ഐഡന്റിറ്റി അതായത് വ്യക്തിത്വം കളഞ്ഞ്കുളിക്കാനിവര് തയ്യാറല്ല എന്ന്. കൂട്ടത്തില് ഒറ്റയാന്മാരായി നമ്മള് ജീവിക്കുന്നതാ‍ണൊ സമൂഹജീവിതം, അതോ കൂട്ടമായി ജീവിക്കുന്ന അവര് നയിക്കുന്നതാണോ സമൂഹജീവിതം എന്നതൊക്കെ ചിന്തിച്ചാല്‍ നമുക്കന്നെ വട്ടെളകും. ഞാന്‍ നിര്‍ത്തി നാളെ കാലത്ത് ലോക്കല്‍ കമ്മറ്റി ഉള്ളതാണ്.

കപ്യാര്: ശരിയാ സമയം കുറേ ആയി അജ്ഞാതോ ഞാനും ഇറങ്ങണൂ.

അജ്ഞാതന്‍: പറ്റൊക്കെ ബുക്കില് കൃത്യം ആയിട്ട് എഴുതിയിട്ട് പോയാല്‍ മതി എല്ലാരും

മൂസ: ന്തായാലും ഈ നാടോടികളെ പറ്റി മ്മ്ക്ക് പറഞ്ഞന്ന കണാരങ്കുട്ടി ഇന്ന് കഴിച്ചത് എന്റെ പറ്റില് എഴുതിക്കോ. നാടോടുമ്പോള് നടുവേ ഓടണം അല്ലെങ്കില് നടുവിന് അടിച്ച് ഓടിക്കും എന്ന് അവറ്റോള്‍ക്ക് ഒക്കെ മനസിലാവണ കാലം വരുന്ന് കരുതാം

(ഷാപ്പടച്ചു)

Friday, October 5, 2007

ഷാപ്പുഗാനം എന്ന സംഘഗാനം

ഷാപ്പിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഐറ്റം ആണല്ലോ അന്തിയ്ക്കുള്ള ഷാപ്പുഗാനം എന്ന സംഘഗാനം. നിങ്ങളുടെ നാട്ടിലുള്ള ഷാപ്പുപാട്ടുകള്‍ (അശ്ലീലമില്ലാത്തത്) ഇവിടെ പങ്ക് വെയ്ക്കുക.

ഷാപ്പ് കറികള്‍, ഷാപ്പ് രാഷ്ട്രീയം , ഷാപ്പ് തല്ല്, എന്തിന് ഷാപ്പ് അണ്വായുധ ചര്‍ച്ച വരെ ഇവിടെ സംഘടിപ്പിക്കുന്നതാണ്.

എല്ലാരും പറ്റുബുക്കിന്റെ പുറകില്‍ നാല് വരി ഷാപ്പ്പാട്ട് കുറിച്ചിട്ട് കടന്ന് പോകുക...

ഒരെണ്ണം ഇതാ

മഞ്ഞന്‍ നായരെ കുഞ്ഞന്‍ നായരെ
മഞ്ഞക്കാട്ടില് പോകേണം
മഞ്ഞക്കാട്ടില് പൊയാല്‍ പോരാ
മഞ്ഞക്കിളിയെ പിടിക്കേണം
മഞ്ഞക്കിളിയെ പിടിച്ചാല്‍ പോരാ
പപ്പും പൂടേം പറിക്കേണം
പപ്പും പൂടേം പറിച്ചാല്‍ പോരാ
ചട്ടീലിട്ട് വറുക്കേണം
ചട്ടീലിട്ട് വറുത്താല്‍ പോരാ
കള്ള് ഷാപ്പില് കേറേണം
കള്ള് ഷാപ്പില് കേറിയാ പോരാ
രണ്ട് കുപ്പി കുടിക്കേണം
രണ്ട് കുപ്പി കുടിച്ചാല്‍ പോരാ
ഭാര്യേം മക്കളേം തല്ലേണം
ഭാര്യേം മക്കളേം തല്ല്ല്യാ പോരാ
തടുപുടി തടുപുടി തോം...

എന്ന്
ലൈസന്‍സി അജ്ഞാതന്‍

കള്ളുഷാപ്പിലേയ്ക്ക് സ്വാഗതം

പ്രിയ കുടിയന്മാരെ കുടിയത്തിമാരേ,

എന്നും വൈകീട്ട് അന്തിയടിച്ച് മടങ്ങും നേരം പലപല ബ്ലോഗ്‌ഷാപ്പുകളിലും കയറി നിരങ്ങാറുണ്ടെങ്കിലും കയറി വാളുവെപ്പ് പതിവില്ലായിരുന്നു.

കഥയുടെ ബ്ലോഗ്‌ഷാപ്പ്, കവിതയുടെ ബ്ലോഗ്‌ഷാപ്പ്, ലേഖനത്തിന്റെ/സിനിമയുടെ/ചിത്രങ്ങാളുടെ അങ്ങനെ കാക്കത്തൊള്ളായിരം ബ്ലോഗ്‌ഷാപ്പുകള്‍ കണ്ടു.

എന്നാല്‍ എന്തും പറയാനൊരിടം അതാണ് ഈ കള്ളുഷാപ്പ്.
(എന്നു കരുതി പച്ചയ്ക്ക് ഇവിടെ വന്ന് പള്ള് പറയാം എന്നല്ല. മുകളില്‍ പറഞ്ഞ വേര്‍തിരിവുകള്‍ ഇല്ലാതെ എന്ത് എഴുത്തും, വരയും, സംസാരവും ഇവിടെ നടക്കും എന്നാണ് ഉദ്ദേശിച്ചത്.)
വൈകീട്ട് ശബ്ദമുഖമാകുന്ന ഷാപ്പിന്റെ ഒരു അന്തരീക്ഷം ബ്ലോഗില്‍ ‍പുന:സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഫയല്‍മാന്‍ കുഞ്ഞപ്പന്‍ ചേട്ടന്റെ മസില് മുതല്‍ ഫ്യൂഗോ ഷാവേസിന്റെ ഭരണം വരെ ചര്‍ച്ച ചെയ്യുന്ന ഇടം.
മാഹാകവികളായ ഉടുമ്പ് പരമേശ്വരനും, ഉള്ളൂര്‍ പരമേശ്വരനും കൈ കോര്‍ക്കുന്നയിടം.
സമത്വസുന്ദരമായ ബ്ലൊഗ്‌ഷാപ്പിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

(മെംബര്‍ഷിപ്പ് വേണ്ടവര്‍ ഇവിടെ മെയില്‍ ഐഡി ഒരു കമെന്റ് ആയി പറ്റുബുക്കില്‍ ഇട്ടാല്‍ മതി ഇട്ടാല്‍ മതി)

എന്ന്

ലൈസന്‍സി അജ്ഞാതന്‍